അച്ഛനുമായി പിണങ്ങി 2009ൽ വീട് വിട്ടിറങ്ങി..17 വർഷത്തിന് ശേഷം മകനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്

കൊച്ചി: അച്ഛനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2009ൽ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വർഷത്തിന് ശേഷം പനങ്ങാട് പൊലീസ് കണ്ടെത്തി. പനങ്ങാട് ഭജനമഠത്തിന് സമീപം പുത്തൻകുളത്തിൽ ദേവന്റെ മകൻ രാജീവ്കുമാറിനെയാണ് (44) പൊലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറിയത്. വീട് വിട്ടതിന് ശേഷം രാജീവ് ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിരുന്നില്ല. സീലിങ് ജോലി പഠിച്ചിരുന്ന രാജീവ് കണ്ണൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്. രണ്ട് വർഷം മുൻപ് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും വീട്ടിലേക്ക് പോയില്ല. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.

ഇതിനിടെ രാജീവിന്റെ അച്ഛൻ ദേവൻ 2015ൽ മരിച്ചു. സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രാജീവിനെ കണ്ടെത്തേണ്ട സാഹചര്യം ഒരു മാസം മുൻപാണ് കുടുംബത്തിന് ഉണ്ടായത്. ദേവന്റെ മൂന്ന് മക്കളിൽ ഇളയ ആളായ രാജീവിനെ കണ്ടെത്തുന്നതിനായി അമ്മ ലീലാമ്മ പനങ്ങാട് പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ എ ബി വിവിന്റെ നേതൃത്വത്തിൽ എസ്‌ഐ മിഥുൻ മോഹൻ, സീനിയർ സിപിഒ ജസ്റ്റിൻ, സിപിഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

ഏതാനും വർഷം മുൻപ് മദ്യപിച്ച് വാഹനമോടിച്ചതിന് രാജീവിനെതിരെ കൊച്ചിയിൽ കേസെടുത്തിരുന്നു. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന വാഹനം പിന്നീട് വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തുടർ അന്വേഷണത്തിലാണ് രാജീവിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.

Related Articles

Back to top button