മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്… എസ്‌ഐടി റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നുവെന്ന് ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടുകളിലെ അന്വേഷണ റിപ്പോർട്ട് എസ്‌ഐടി സർക്കാരിന് കൈമാറി. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ എസ്‌ഐടി ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. നിലവിലുള്ള എസ്‌ഐടി അന്വേഷണം തുടരണമെന്നും ശുപാർശയുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് ലഭിച്ച രീതിയിലും സർക്കാർ സംവിധാനങ്ങൾ സ്വകാര്യ സ്ഥാപനത്തിന് അനുകൂലമായി ഉപയോഗിച്ചോയെന്നതിലും അന്വേഷണ സംഘം ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ തെരഞ്ഞെടുത്തതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. അബ്ദുറഹിമാനെ മലപ്പുറത്തെത്തി എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സ്പോൺസർഷിപ്പ് ലഭിച്ച രീതി, കായികവകുപ്പിന്റെയും മന്ത്രിയുടെ ഓഫീസിന്റെയും ഇടപെടൽ, ഇടനിലക്കാരുടെ പങ്ക്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായുള്ള വിദേശയാത്ര തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സ്പോൺസർഷിപ്പ് കരാർ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ധാരണ, സർക്കാർ ഉത്തരവുകൾ തുടങ്ങിയ രേഖകളും എസ്‌ഐടി പരിശോധിച്ചിട്ടുണ്ട്. അതേസമയം, ക്രമക്കേടുകളിൽ തനിക്ക് പങ്കില്ലെന്നും നടപടിക്രമങ്ങൾ പാലിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്നുമാണ് അബ്ദുറഹിമാൻ അന്വേഷണ സംഘത്തോട് വിശദീകരിച്ചതെന്നാണ് റിപ്പോർട്ട്. മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും നേരത്തെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ്, വിദേശത്തേക്കുള്ള പണമിടപാട്, പണത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്. എസ്‌ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികളിൽ അന്തിമ തീരുമാനം എടുക്കും. റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കുമെന്നാണ് സൂചന.



