മന്ത്രി മാറിയതിന്റെ മാറ്റമാണ് പൊലീസിൽ ഇപ്പോൾ കാണുന്നത്… പൊലീസുകാർക്കെതിരെ താക്കീത് മാത്രം പോരാ….

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അനുമതിയില്ലാതെയാണ് പൊലീസ് പ്രവേശിച്ചതെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ മുഴുവൻ പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും നേരത്തെ ശിവൻകുട്ടി ഉന്നയിച്ചിരുന്നു.
നിയമവിരുദ്ധമായ കാര്യങ്ങൾക്ക് സംരക്ഷണം ലഭിക്കുമെന്നാണ് ചില പൊലീസുകാർ കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയതിന്റെ മാറ്റമാണ് ഇപ്പോൾ പൊലീസിൽ കാണുന്നതെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്താൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു. പ്ലസ് ടു വിദ്യാർഥികൾക്ക് അധിക സീറ്റ് അനുവദിച്ച വിഷയത്തിലും ശിവൻകുട്ടി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. അധിക ബാച്ച് അനുവദിച്ചത് എയ്ഡഡ് മേഖലയിലാണെന്നും മുൻ സർക്കാർ സീറ്റ് അനുവദിച്ചത് സർക്കാർ മേഖലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിച്ചത് അഴിമതിക്ക് വഴിയൊരുക്കാനാണെന്നും 300 കോടി രൂപയുടെ അഴിമതിക്ക് സാധ്യതയുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. ലീഗ് നേതാക്കളുടെ സ്കൂളുകൾക്കാണ് അധിക ബാച്ച് അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മാറ്റിയാൽ മതിയായിരുന്നുവെന്നും ഇന്റർവ്യൂ ബോർഡിലുള്ളവർ വിഷയ വിദഗ്ധരാണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സ്കൂൾ കായികമേള അലങ്കോലമായെന്നും ശിവൻകുട്ടി വിമർശിച്ചു. സ്കൂൾ ഒളിമ്പിക്സ് നടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും കായിക താരങ്ങളെ പങ്കെടുപ്പിച്ചായിരിക്കും സമരമെന്നും അദ്ദേഹം വ്യക്തമാക്കി.



