അസുഖം മൂർച്ഛിച്ച ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചെത്തിയപ്പോൾ ബാറ്ററിയും ഹോണുമില്ല; ഓട്ടോ ഡ്രൈവറോട് കവർച്ചക്കാരുടെ ക്രൂരത

ഹരിപ്പാട്: അസുഖം മൂർച്ഛിച്ച ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങാൻ നോക്കിയ ഓട്ടോ ഡ്രൈവറുടെ വാഹനത്തിൽ കവർച്ചക്കാരുടെ ക്രൂരത. ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രി മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ബാറ്ററിയും ഹോണുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കൾ അഴിച്ചെടുത്തത്. കരുവാറ്റ വടക്ക് ഊട്ടുപറമ്പ് സരള ഭവനത്തിൽ ശശിയുടെ ഓട്ടോറിക്ഷയിലാണ് മോഷണം നടന്നത്.

പ്രഷറും ഷുഗറും ക്രിയാറ്റിനിനും വർധിച്ചു ഗുരുതരാവസ്ഥയിലായ ഭാര്യ സരളമ്മയെയും (72) കൊണ്ടു രാത്രി ഏഴരയോടെയാണ് ശശി ആശുപത്രിയിലെത്തിയത്. തുടർപരിശോധനകൾക്കു ശേഷം രാത്രി പതിനൊന്നരയോടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

വിരിപ്പും അത്യാവശ്യ സാധനങ്ങളും എടുക്കുന്നതിനു വേണ്ടി വീട്ടിലേക്ക് പോകുന്നതിനു വേണ്ടി ചെന്നപ്പോഴാണ് ബാറ്ററി ബോക്സ് തുറന്നു ബാറ്ററിയും ഹോണും അഴിച്ചെടുത്ത നിലയിൽ കണ്ടത്. രാത്രിയിൽ രണ്ട് സുരക്ഷാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. കൂടാതെ പാർക്കിങ് ഭാഗത്തെ പ്രധാന സിസിടിവി ക്യാമറ പ്രവർത്തനരഹിതവുമായിരുന്നു. കരുവാറ്റ വഴിയമ്പലം സ്റ്റാൻഡിൽ ഓട്ടോയോടിക്കുന്ന ശശിക്ക് ആറായിരം രൂപയോളം വിലവരുന്ന ബാറ്ററിയാണ് നഷ്ടപ്പെട്ടത്. നിലവിൽ സുഹൃത്തിന്റെ പഴയ ബാറ്ററി ഘടിപ്പിച്ചാണ് വാഹനം ഓടിക്കുന്നത്. സംഭവത്തിൽ ശശിയുടെ പരാതിയിൽ ഹരിപ്പാട് പൊലിസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button