‘സുഗതൻ ജയിലിൽ, ശ്രീലേഖ ഒളിവിൽ’…. കോർപറേഷൻ ഭരണം തകർന്നു… ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജിയിൽ ബിജെപിക്കും കോർപറേഷൻ ഭരണസമിതിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ.എസ്. ശബരീനാഥൻ. ബിജെപിയുടെ കോർപറേഷൻ ഭരണത്തിൽ തിരുവനന്തപുരം ജനങ്ങൾ പെരുവഴിയിലായെന്ന് ശബരീനാഥൻ ആരോപിച്ചു.

കൗൺസിലർ ആർ. സുഗതൻ കാപ്പ കേസിൽ അറസ്റ്റിലായി ജയിലിലാണെന്നും കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചെന്നും ചൂണ്ടിക്കാട്ടിയ ശബരീനാഥൻ, തിരുവനന്തപുരത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നും ചോദിച്ചു. ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ വി.വി. രാജേഷ് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയാത്തത് ആഭ്യന്തര കലഹം കാരണമാണെന്നും ‘മേയർ കെയർ’ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പിന്നിൽ അഴിമതിയുണ്ടെന്നും ശബരീനാഥൻ ആരോപിച്ചു. ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് അസ്വസ്ഥയായിരുന്നുവെന്നും, രാജിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ശ്രീലേഖയുടെ വിശദീകരണം. രാജി നഗരസഭാ സെക്രട്ടറിക്ക് നൽകണമെന്ന ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമം സംബന്ധിച്ചും പ്രതികരണങ്ങൾ ഉയർന്നിരുന്നു. രാജിയോടെ 101 അംഗ കൗൺസിലിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ അംഗബലം മാറിയിട്ടുണ്ട്. 2024 ൽ ബിജെപിയിൽ ചേർന്ന ശ്രീലേഖ ഏറെക്കാലമായി പല വിഷയങ്ങളിലും പാർട്ടിയുമായി അകൽച്ചയിൽ ആയിരുന്നു. ശാസ്തംമംഗലം വാർഡ് കൗൺസിലർ സ്ഥാനം ശ്രീലേഖ രാജി വെച്ചാൽ നഗരസഭാ ഭരണം പ്രതിസന്ധിയിൽ ആകും. നഗരസഭ സെക്രട്ടറിക്ക് കത്തു നൽകും മുൻപ് ശ്രീലേഖയെ അനുനയിപ്പിച്ച് ഒത്തുതീർപ്പിനാണ് ബിജെപി നീക്കം.തിങ്കളാഴ്ച്ച സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും.

Related Articles

Back to top button