‘കോൺഗ്രസിന്റെ ഫ്ളെക്സെന്ന് കരുതി’… കോടിയേരിയുടെ ഫ്ളെക്സ് കീറിയ സംഭവത്തിൽ വിശദീകരണവുമായി…

കൊല്ലം: എസ്.എഫ്.ഐ പ്രകടനത്തിനിടെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചുകീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ. താൻ എസ്.എഫ്.ഐ-ഡിവൈഎഫ്.ഐ പ്രവർത്തകനാണെന്നും കോൺഗ്രസിന്റെ ഫ്ളെക്സാണെന്ന് കരുതിയാണ് ബോർഡ് കീറിയതെന്നും അക്ബർ ഷാ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

തനിക്ക് തെറ്റുപറ്റിയെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും അക്ബർ ഷാ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്ന താൻ കൊല്ലത്ത് എസ്.എഫ്.ഐയുടെ പ്രകടനം കണ്ടപ്പോൾ അതിൽ പങ്കെടുക്കുകയായിരുന്നുവെന്നും പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ ഫ്ളെക്സാണ് കീറിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും കോൺഗ്രസിന്റെ ഫ്ളെക്സാണെന്നാണ് കരുതിയതെന്നും അക്ബർ ഷാ പറഞ്ഞു. താൻ മുൻകാല എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ പ്രവർത്തകനാണെന്നും ഇപ്പോഴും എസ്.എഫ്.ഐ-ഡിവൈഎഫ്.ഐ പ്രവർത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടന്ന പൊലീസ്-യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രകടനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എസ്.എൻ. കോളേജിന് മുന്നിൽനിന്നാണ് പ്രകടനം ആരംഭിച്ചത്.

പ്രകടനത്തിനിടെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഫ്ളെക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ചിന്നക്കടയിലെത്തിയപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തെ റോഡ് ഡിവൈഡറിൽ സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിന ഫ്ളെക്സും പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഒരാൾ വലിച്ചുകീറുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവം വലിയ ചർച്ചയായിരുന്നു. പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയ ആളാണ് ഫ്ളെക്സ് കീറിയതെന്നായിരുന്നു എസ്.എഫ്.ഐ-സിപിഎം നേതാക്കളുടെ ആദ്യ വിശദീകരണം. ഇയാൾ എങ്ങനെ പ്രകടനത്തിലെത്തിയെന്ന് പരിശോധിക്കുമെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വിഷ്ണു വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഇതേ സ്ഥലത്ത് കോടിയേരിയുടെ പുതിയ ഫ്ളെക്സ് സ്ഥാപിച്ചു. പിന്നീട് യൂത്ത് കോൺഗ്രസും ചിന്നക്കടയിൽ കോടിയേരിയുടെ ഫ്ളെക്സ് സ്ഥാപിച്ചിരുന്നു.

Related Articles

Back to top button