ടെൻഷൻ വരുമ്പോൾ മുടി പറിച്ചുവലിക്കാറുണ്ടോ? സൂക്ഷിക്കണം; ഒൻപതുകാരിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്

ടെൻഷനോ മാനസിക സമ്മർദമോ തോന്നുമ്പോൾ സ്വന്തം മുടി പറിച്ചെടുക്കുകയും പിന്നീട് അറിയാതെ അത് വിഴുങ്ങുകയും ചെയ്യുന്ന ശീലം ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നെയ്യാറ്റിൻകര സ്വദേശിനിയായ ഒൻപതുകാരിക്ക് സംഭവിച്ചത് ഇതിൻറെ അപൂർവ ഉദാഹരണമാണ്. തുടർച്ചയായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏകദേശം ഒരു കിലോഗ്രാം തലമുടിയാണ്.
വിശദമായ പരിശോധനയിലാണ് കുട്ടിക്ക് അപൂർവമായ ‘റാപൻസൽ സിൻഡ്രോം’ ആണെന്ന് കണ്ടെത്തിയത്. ലോകത്ത് നൂറിൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്.
മാനസിക സമ്മർദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ സ്വന്തം മുടി പറിച്ചെടുത്ത് വിഴുങ്ങുന്ന ശീലമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മാസങ്ങളോളം ആമാശയത്തിൽ തങ്ങി നിൽക്കുന്ന മുടി ദഹിക്കാതെ കട്ടപിടിക്കുകയും പിന്നീട് കുടലിൽ തടസ്സമുണ്ടാക്കുകയും ചെയ്യും. ഇതാണ് കുട്ടിക്ക് തുടർച്ചയായ വയറുവേദനയ്ക്കും ഛർദിക്കും കാരണമായത്.



