‘പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല… വീഴ്ച സംഭവിച്ചത് എനിക്ക്’… യുവമോർച്ച പ്രതിഷേധത്തിൽ മന്ത്രി…

തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകർ വഴിയിൽ തടഞ്ഞ പ്രതിഷേധത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം. ഷാജി. സംഭവത്തിൽ വീഴ്ച സംഭവിച്ചത് തനിക്കാണെന്നും നിശ്ചയിച്ചതിലും അരമണിക്കൂർ നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ് കാരണമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഇറങ്ങുന്ന വിവരം പോലീസിനെ അറിയിച്ചിരുന്നില്ലെന്നും കെ.എം. ഷാജി പറഞ്ഞു. യുവമോർച്ചയുടെ പ്രതിഷേധത്തിനിടെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരം വാൻറോഡ് പരിസരത്ത് വാഹനം തടഞ്ഞ പ്രവർത്തകർ ഏകദേശം 20 മിനിറ്റോളം മന്ത്രിയെ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് മന്ത്രി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാൽനടയായി സ്ഥലത്തുനിന്ന് മാറുകയായിരുന്നു. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന തരത്തിലുള്ള ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സംഭവത്തിൽ വീഴ്ച സംഭവിച്ചത് തനിക്കാണെന്നും മന്ത്രി വ്യക്തമാക്കിയത്.

അതേസമയം, മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും നേരെ പ്രതിഷേധങ്ങൾ ശക്തമായത്.

Related Articles

Back to top button