വാനിൽ ബലമായി കയറ്റി, ബോധം കെടുത്തി… ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ…

പത്തനംതിട്ട: അടൂർ പന്നിവിഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് 30ന് വൈകിട്ടാണ് സംഭവം നടന്നതെന്നാണ് കുട്ടിയുടെ മൊഴി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഒമ്നി വാനിലെത്തിയ ആറിലധികം പേർ ചേർന്ന് ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റിയെന്നാണ് കുട്ടി പറയുന്നത്.

തുടർന്ന് ബോധം കെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. റോഡരികിൽ പരിഭ്രാന്തനായി കണ്ട കുട്ടിയോട് പ്രദേശവാസി വിവരങ്ങൾ അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനം കണ്ടതായി പ്രദേശവാസികളിൽ ചിലരും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. കുട്ടികളുടെ സുരക്ഷ ഉൾപ്പെടെ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സിസിടിവി ക്യാമറകളും തെരുവുവിളക്കുകളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

Related Articles

Back to top button