കേരളത്തിന്റെ എയിംസ് കോട്ടയത്തോ….വെള്ളൂരിന് സാധ്യതയെന്ന് എം.എൽ.എ…

വൈക്കം: സംസ്ഥാനത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വൈക്കം വെള്ളൂരിൽ ആകാൻ സാധ്യത. കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ സമർപ്പിച്ച അന്തിമ പട്ടികയിൽ വൈക്കം വെള്ളൂരും തൃശ്ശൂർ ജില്ലയിലെ കൊരട്ടിയുമാണുള്ളത്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഒാഫീസിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് വെള്ളൂരിലെ കെ.പി.പി.എൽ. ഉടമസ്ഥതയിലുള്ള സ്ഥലത്ത് എയിംസ് സ്ഥാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് കെ. ബിനിമോൻ എം.എൽ.എ. അറിയിച്ചു.
എയിംസിനുവേണ്ടി വിശദ പദ്ധതി സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കെ. മുരളീധരൻ ജൂലായിൽ നിർദേശം നൽകിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി വെള്ളൂർ സന്ദർശിച്ചിരുന്നു. തുടർന്ന് ഒൻപത് നിർദേശങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ മൂന്ന് നിർദേശവും വെള്ളൂരിനുവേണ്ടിയായിരുന്നു. അവസാനത്തെ നാല് സ്ഥലത്തെ പട്ടിക തയ്യാറാക്കിയപ്പോഴും വെള്ളൂരിനായിരുന്നു മുൻഗണന.




