പുനർമൂല്യനിർണയത്തിൽ 80ൽ 80…ആദ്യം ലഭിച്ചത് 57 മാർക്ക്…സർക്കാർ 4 ലക്ഷം നഷ്ടപരിഹാരം നൽകണം

പ്ലസ്‌ടു പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ പിഴവുമൂലം തുടർപഠനവും ഇഷ്ടപ്പെട്ട കരിയറും നഷ്ടമായ വിദ്യാർഥിനിക്കു കോടതിച്ചെലവ് ഉൾപ്പെടെ 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കാണു മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ നിർദേശം. തൃക്കളത്തൂർ പണിക്കൊടിയിൽ സ്നേഹമോൾ മണിയാണു വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നിയമപോരാട്ടം നടത്തിയത്.

മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ 2019 മാർച്ചിൽ പ്ലസ്‌ടു പരീക്ഷയെഴുതിയ വിദ്യാർഥിനിക്ക് ഇക്കണോമിക്സ് ഒഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇക്കണോമിക്സിൽ 57 മാർക്കാണു ലഭിച്ചത്. എന്നാൽ പുനർമൂല്യനിർണയ ഫലം വന്നപ്പോൾ 80ൽ 80 മാർക്കും ലഭിച്ചു. 2019 ജൂലൈ 22ന് ഈ ഫലം വന്നപ്പോഴേക്കും റഗുലർ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം അവസാനിച്ചിരുന്നു. ഇതുകാരണം ആഗ്രഹിച്ച കോളജുകളിൽ പ്രവേശനം ലഭിച്ചില്ല. ഒടുവിൽ പഠിക്കാനായി കടം വാങ്ങി കാനഡയിലേക്കു പോകേണ്ടിവന്നു.

Related Articles

Back to top button