എൻഐഎ റെയ്ഡിൽ അസം സ്വദേശി പിടിയിൽ… രാജ്യവ്യാപക പരിശോധനയുടെ ഭാഗം..

അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കും നിരോധിത സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റുകൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി നടത്തിയ രാജ്യവ്യാപക മിന്നൽ പരിശോധനയിൽ പാലക്കാട് നിന്ന് അസം സ്വദേശി അറസ്റ്റിലായി. പട്ടാമ്പി വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ പുലർച്ചെയെത്തിയ എൻഐഎ സംഘം അതീവ രഹസ്യമായാണ് പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേരളം, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി ആകെ 16 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് വിളയൂരിലും നടപടിയുണ്ടായത്.

നിരോധിത ഭീകര സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെഎംബി) ഉപവിഭാഗമെന്ന് കരുതപ്പെടുന്ന ‘ഇമാം മഹ്മൂദർ കഫില’യുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനായാണ് കേന്ദ്ര ഏജൻസി പാലക്കാട്ടെത്തിയത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനും അതിർത്തി കടന്നുള്ള ഭീകര റിക്രൂട്ട്മെന്റുകൾ നടത്താനും ശ്രമിച്ചുവെന്നതാണ് കേസ്. കേസിൽ ഉൾപ്പെട്ട അസം സ്വദേശിയായ യുവാവ് ഏറെക്കാലമായി കേരളത്തിൽ തൊഴിലാളിയെന്ന വ്യാജേന ഒളിവിൽ കഴിയുകയായിരുന്നു.

Related Articles

Back to top button