27കാരിയായ വനിതാ എസ്.ഐയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം..

ഉത്തർപ്രദേശിൽ വനിതാ പൊലീസ് സബ് ഇൻസ്പെക്ടറെ സർക്കാർ താമസസ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലെ ജാർച്ച പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന 27കാരിയായ രശ്മി ഗൗതമാണ് മരിച്ചത്. 2023 ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു ഇവർ.
ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതോടെയാണ് പിതാവ് സഹപ്രവർത്തകരുടെ സഹായം തേടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലെ സർക്കാർ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് രശ്മിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ശരീരത്തിൽ പരുക്കുകളുടെ അടയാളങ്ങളില്ലെന്നും ഹൃദയാഘാതം മൂലമാകാം മരണമെന്നുമാണ് പ്രാഥമിക വിലയിരുത്തലെന്ന് സ്റ്റേഷൻ ഇൻ-ചാർജ് കൈലാഷ് നാഥ് പറഞ്ഞു. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കു ശേഷമേ മരണകാര്യം സ്ഥിരീകരിക്കാനാകൂ.




