മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത് ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം. പെരിങ്ങഴ സ്വദേശി അക്ഷയ് കൃഷ്ണനാണ് മരിച്ചത്. സ്റ്റേഷനറി കടയുടെ ഗോഡൗണിലായിരുന്നു അപകടം. ഗോഡൗണിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനായാണ് അക്ഷയ് കെട്ടിടത്തിലെത്തിയത്. പുതിയതായി നിർമിച്ച കെട്ടിടത്തിലെ പുതിയ ലിഫ്റ്റാണ് അപകടത്തിൽപ്പെട്ടത്.
മൂന്നാം നിലയിൽ നിന്ന് സാധനങ്ങളുമായി താഴേക്ക് വരുന്നതിനിടെ ലിഫ്റ്റ് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയ് ഏറെ നേരം ലിഫ്റ്റിനുള്ളിൽ കിടന്നതായാണ് വിവരം. കടയുടമ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയപ്പോഴാണ് അക്ഷയിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിടനിർമാണത്തിലോ ലിഫ്റ്റ് സ്ഥാപിച്ചതിലോ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.



