തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം… കോഴിക്കോടും കൊച്ചിയും നിലനിർത്തി….

സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ യുഡിഎഫിന് മികച്ച മുന്നേറ്റം. കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളിലെ നിർണായക വാർഡുകൾ യുഡിഎഫ് നിലനിർത്തി. വിവിധയിടങ്ങളിൽ കടുത്ത മത്സരമാണ് ഫലങ്ങളിൽ പ്രകടമാകുന്നത്.
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഫർസീന അറയ്ക്കൽ 436 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു യുഡിഎഫ് നിലനിർത്തി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് വാർഡും യുഡിഎഫ് തന്നെ നിലനിർത്തിയിട്ടുണ്ട്. മുൻപ് ഫാത്തിമ തഹ്ലിയ, ദീപക് ജോയ് എന്നിവർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫും യുഡിഎഫും തുല്യമായി 433 വോട്ടുകൾ വീതം നേടിയതിനെ തുടർന്ന്, നറുക്കെടുപ്പിലൂടെ എൽഡിഎഫിന്റെ വി. തുളസീധരൻ വിജയം കരസ്ഥമാക്കി.



