മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ മാറ്റങ്ങൾ… ചോദ്യം ചോദിക്കാൻ ഇനി…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാൻ നീക്കം. വാർത്താസമ്മേളനത്തിലെ ബഹളം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇനി ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകാനാണ് ആലോചന. മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രമായിരിക്കും മുഖ്യമന്ത്രി മറുപടി നൽകുക. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ക്ഷോഭപ്രകടനങ്ങൾ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്ന ആശങ്കയെത്തുടർന്നാണ് പുതിയ ആലോചനകൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രാഥമിക നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

പി.ആർ.ഡി (PRD)-യുമായി ആലോചിച്ചായിരിക്കും അന്തിമ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. മാധ്യമപ്രവർത്തകർ എല്ലാം ഒരുമിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് വലിയ ബഹളം സൃഷ്ടിക്കുന്നുവെന്നും, ബഹളം മൂലം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കേൾക്കാൻ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പലതവണ പറഞ്ഞിരുന്നു. എന്നാൽ, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന അസുഖകരമായ ചോദ്യങ്ങൾ വരുന്നതൊഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്ന വിമർശനവും ഇതിനോടകം ഉയരുന്നുണ്ട്. കൂടാതെ, ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ കൂടി ചിത്രീകരിക്കുന്ന തരത്തിലുള്ള ക്യാമറ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കോവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങളിലും സമാനമായ രീതിയിൽ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകുന്ന ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

Related Articles

Back to top button