വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം തകർത്ത കേസ്… നഷ്ടപരിഹാരം നൽകാതെ സ്ഥാപനം….

ഇടുക്കി: തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം തകർത്ത കേസിൽ നീതി തേടി കുടുംബം. വിദ്യാഭ്യാസ സ്ഥാപനം വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും, ഒത്തുതീർപ്പ് ചർച്ച നടത്തിയ സിപിഎമ്മും കൈവിട്ടതോടെ ചികിത്സയും പഠനവും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുകയാണെന്നും വിദ്യാർത്ഥിയുടെ കുടുംബം പരാതിപ്പെടുന്നു.
തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളിൽ ചിലർ ലഹരി ഉപയോഗിക്കുന്ന വിവരം അണക്കര സ്വദേശിയായ വിദ്യാർത്ഥി അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വിവരം അധ്യാപകൻ തന്നെ ലഹരി ഉപയോഗിക്കുന്നവർക്ക് ചോർത്തി നൽകിയതിനെ തുടർന്ന്, സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയം തകർക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 കാരൻ അടക്കം മൂന്നുപേർ പിടിയിലായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്ഥാപന ഉടമകളെയും മാതാപിതാക്കളെയും വിളിച്ച് സിപിഎം ഓഫീസിൽ വെച്ച് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു.
ചർച്ചയിൽ ചികിത്സാച്ചെലവും ഫീസിനായി എടുത്ത വായ്പ തുകയും അർഹമായ നഷ്ടപരിഹാരവും നൽകാമെന്ന് സ്ഥാപനം വാഗ്ദാനം ചെയ്തെങ്കിലും, വായ്പ തുക തിരിച്ചടക്കുക എന്നത് മാത്രമാണ് ഇതുവരെ ചെയ്തത്. ബാക്കി കാര്യങ്ങളിൽ ഇരു കൂട്ടരും ഇപ്പോൾ കൈമലർത്തിയിരിക്കുകയാണ്. വിദ്യാർത്ഥിയുടെ അച്ഛൻ കാൻസർ രോഗിയാണ്. ഇതിനൊപ്പം മകന്റെ ചികിത്സയും തുടർപഠനവും കൂടി വഴിമുട്ടിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഈ ഗുരുതര പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.



