മാതാ അമൃതാനന്ദമയി വിശ്വപ്രേമത്തിന്റെ മൂര്‍ത്തരൂപം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപമാണെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നീളുന്ന അവരുടെ കരുണയും സേവനപ്രവര്‍ത്തനങ്ങളും മാതൃകാപരവും അഭിമാനകരവുമാണെന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. അമൃതപുരിയില്‍ നടന്ന വിശ്വസേവാ ദിനാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഹ്യമായ ദാരിദ്ര്യവും ആന്തരികമായ ദാരിദ്ര്യവും ഒരുപോലെ പരിഹരിക്കാനാണ് അമ്മയുടെ സേവനപദ്ധതികള്‍ ലക്ഷ്യമിടുന്നത്. പണം, ഭക്ഷണം, മറ്റു സഹായങ്ങള്‍ എന്നിവയിലൂടെ ബാഹ്യ ദാരിദ്ര്യം ഇല്ലാതാക്കാം. എന്നാല്‍ ആന്തരിക ദാരിദ്ര്യം മാറ്റിയെടുക്കാന്‍ സ്‌നേഹവും വിശ്വാസവും മാനവിക മൂല്യങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനാലാണ് അമൃതാനന്ദമയി ദേവിയെ ഒരു മഹാത്മാവായി വിശേഷിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
അമൃതാനന്ദമയി ദേവിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അമൃതപുരി ആഗോള സേവനത്തിന്റെ വലിയ സംഗമകേന്ദ്രമായി മാറിയെന്നും, ദുരന്തബാധിതര്‍ക്കും ചികിത്സാ-സാമ്പത്തിക സഹായങ്ങള്‍ ആവശ്യമായവര്‍ക്കും മഠം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



