ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകി ആദരിക്കണമെന്ന് പ്രകീർത്തിച്ച് ബിജെപി നേതാവ്

രാജ്യത്തെ തെരഞ്ഞെടുപ്പ് അധ്യക്ഷനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിവിധ വശങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യ. ഗ്യാനേഷ് കുമാറിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിക്കണമെന്ന് സമീക് ഭട്ടാചാര്യ പറഞ്ഞു. പശ്ചിമ ബംഗാളിൽ അക്രമരഹിതമായ നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം.
ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നീക്കി വോട്ടർ പട്ടിക ശുദ്ധീകരിച്ചതിന്റെ ക്രെഡിറ്റും ഗ്യാനേഷ് കുമാറിന് സമീക് ഭട്ടാചാര്യ നൽകി. എസ്ഐആർ നടപടികളുടെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റു രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ് ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിലുള്ള ഭിന്നത തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നു എന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പിന്തുണ. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന സമീക് ഭട്ടാചാര്യ തള്ളി.
‘ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷൺ എങ്കിലും നൽകി ആദരിക്കണം. യാതൊരുവിധ ഭയപ്പെടുത്തലും ഇല്ലാതെ വോട്ട് ചെയ്യാൻ സാധിച്ചതിൽ പശ്ചിമ ബംഗാളിലെ ജനങ്ങൾ സന്തോഷവാന്മാരാണ്. തെരഞ്ഞെടുപ്പ് കാലത്ത് കൊലപാതക സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിർണായക പങ്കാണ് വഹിച്ചത്. പശ്ചിമ ബംഗാൾ പോലൊരു അതിർത്തി സംസ്ഥാനത്ത്, വോട്ടർ പട്ടികയിൽ നിന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ നീക്കം ചെയ്യാൻ ഗ്യാനേഷ് കുമാർ മുൻകൈയെടുത്തു’- സമീക് ഭട്ടാചാര്യ പറഞ്ഞു.
‘പശ്ചിമ ബംഗാളിലെ ജനങ്ങൾ ഇതുപോലൊരു തെരഞ്ഞെടുപ്പ് അപൂർവ്വമായേ കണ്ടിട്ടുള്ളൂ. അതിനാൽ പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾ ഗ്യാനേഷ് കുമാറിനോട് നന്ദിയുള്ളവരാണ്. അവർ പൂർണഹൃദയത്തോടെ അദ്ദേഹത്തെ അനുഗ്രഹിക്കുന്നു’- സമീക് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.



