കോളേജ് വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരെ ചുമത്തിയത്….

കൊച്ചി: ക്ലാസിനിടെ ഉറക്കം തൂങ്ങിയ വിദ്യാർത്ഥിനിയുടെ ശ്രദ്ധ തിരിച്ചുവിടാൻ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയർക്കെതിരായ കേസ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവാണ് റദ്ദാക്കിയത്. അധ്യാപകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സ്ത്രീത്വത്തെ അപമാനിച്ചെന്നടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു തൃശ്ശൂർ വെസ്റ്റ് പോലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും, അതിനാൽ അധ്യാപകന് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഉറക്കം തൂങ്ങിയ വിദ്യാർത്ഥിനിയുടെ ശ്രദ്ധ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവരാൻ മാത്രമാണ് അധ്യാപകൻ ശ്രമിച്ചതെന്നും കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആറും തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ വകുപ്പ് മേധാവിയെ കോടതി നേരത്തേ ഒഴിവാക്കിയിരുന്നു.



