തെരുവുനായ ആക്രമണം…പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം…

തെരുവുനായയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ 52000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. കോഴിക്കോട് കൊയിലാണ്ടി കീഴരിയൂര്‍ പഞ്ചായത്താണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമൃതപ്രിയ ലാലീസ് എന്ന യുവതിക്കാണ് നടുവത്തൂര്‍ കുറുമയില്‍ താഴെ റോഡില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് ഇവര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുടെ സ്ട്രേ ഡോഗ് വിക്ടിം കോംപന്‍സേഷന്‍ റെക്കമന്റേഷന്‍ കമ്മിറ്റിയാണ് ഉത്തരവിട്ടത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അമൃതപ്രിയക്ക് തുക കൈമാറാന്‍ തീരുമാനമെടുക്കുകയായിരുന്നു. തെരുവ് നായകളുടെ നിയന്ത്രണത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു അറിയിച്ചു.

Related Articles

Back to top button