പീരുമേട്ടിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട കാർ ചിന്നാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15ഓടെ നാലാം മൈൽ പാലത്തിന് സമീപമാണ് അപകടം
അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യയ്ക്കും അപ്സ, അഭിറാം എന്നിവർക്കും പരുക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദയാത്രയ്ക്കായാണ് അഭിഷേകും കുടുംബവും പീരുമേട്ടിലെത്തിയത്. കുട്ടിക്കാനത്തെ റിസോർട്ടിലായിരുന്നു ഇവരുടെ താമസം. കരിന്തരുവിയിൽ മറ്റൊരു റിസോർട്ടിൽ താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണുന്നതിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
നാലാം മൈൽ പാലത്തിന് സമീപമെത്തിയ കാർ പെട്ടെന്ന് നിയന്ത്രണംവിട്ട് ചിന്നാർ പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഭിഷേകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.



