സംസ്ഥാനത്ത് ഇന്ന് ഇന്ന് വൈദ്യുതി നിയന്ത്രണം..

സംസ്ഥാനത്ത് ഇന്ന് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവർ എക്സ്ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏകദേശം 600 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസവും ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാപ്പ് അടിസ്ഥാനത്തിലും പവർ എക്സ്ചേഞ്ച് വഴിയും വൈദ്യുതി ലഭ്യമായതിനാൽ പവർകട്ട് ഒഴിവാക്കാൻ സാധിച്ചിരുന്നു. അതേസമയം എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 3.14 കോടിയുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തി.
മരടിലെ ഒരു ഹൈ ടെൻഷൻ (HT) ഉപഭോക്താവിന്റെ കണക്ഷനിൽ നിന്ന് ബോർഡിന്റെ മുൻകൂറുള്ള അനുമതിയില്ലാതെ 145 കടമുറികളിലേക്ക് അനധികൃതമായി വൈദ്യുതി വിതരണം നടത്തിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. കളമശ്ശേരിയിൽ ബോർഡിന്റെ യാതൊരുവിധ അനുമതിയും കൂടാതെ സ്വകാര്യ മൊബൈൽ ടവറിലേക്ക് അനധികൃതമായി വൈദ്യുതി എത്തിച്ച് നൽകിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കെഎസ്ഇബി കൊല്ലം വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുന്ന ദിവസങ്ങളിലും സംസ്ഥാനത്തുടനീളം അനധികൃത വിതരണവും വൈദ്യുതി മോഷണവും തടയാൻ കർശന പരിശോധന തുടരാനാണ് കെഎസ്ഇബിയുടെ തീരുമാനം. നിയമവിരുദ്ധമായി വൈദ്യുതി ദുരുപയോഗം ചെയ്യുകയും മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.



