തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ മത്സരിക്കരുതെന്ന് അഭിജീത് ദിപ്‌കെ

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകളും അട്ടിമറിയും നടക്കുന്നതായി ആരോപിക്കുന്ന പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് സിജെപി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത് ദിപ്‌കെ. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുതന്നെ അതേ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തുടർച്ചയായി പങ്കെടുക്കുന്നത് അതിന് നിയമസാധുത നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിപ്‌കെ പ്രതിപക്ഷ പാർട്ടികളോട് നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷമല്ലെന്ന് പറയുകയും അതേസമയം മത്സരത്തിൽ തുടരുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മാത്രമേ സഹായിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രക്രിയയെ ക്രിക്കറ്റിലെ ഒത്തുകളിയോടാണ് ദിപ്‌കെ താരതമ്യം ചെയ്തത്. മത്സരം യഥാർഥമാണെന്ന് കാണിക്കാനായി പ്രതിപക്ഷത്തിന് ഇടയ്ക്കിടെ ചെറിയ വിജയങ്ങൾ അനുവദിച്ചേക്കാമെന്നും അതുവഴി വോട്ടർമാർക്ക് മത്സരം സ്വാഭാവികമാണെന്ന തോന്നൽ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വോട്ടുകൾ മോഷ്ടിക്കപ്പെടുന്നുവെന്നും ജനപ്രതിനിധികളെ കുതിരക്കച്ചവടത്തിലൂടെ മറുകണ്ടം ചാടിക്കുന്നുവെന്നും പാർട്ടികളെ പിളർത്തുന്നുവെന്നും ആരോപിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി മാത്രം തിരഞ്ഞെടുപ്പിൽ തുടരുന്നതിൽ എന്ത് അർഥമാണുള്ളതെന്നും ദിപ്‌കെ ചോദിച്ചു. ജനാധിപത്യ മൂല്യങ്ങൾക്ക് രാഷ്ട്രീയ അസ്തിത്വത്തേക്കാൾ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിർത്തിയാൽ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതാകുമെന്ന ഭയമായിരിക്കാം പ്രതിപക്ഷ പാർട്ടികളെ ഇപ്പോഴും മത്സരരംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ വോട്ടുകൾ മോഷ്ടിക്കപ്പെടുകയും എംഎൽഎമാരെയും എംപിമാരെയും അടർത്തിയെടുക്കുകയും പാർട്ടികൾ പിളർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തുതരം അസ്തിത്വമാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ചിന്തിക്കണം’ എന്നായിരുന്നു ദിപ്‌കെയുടെ പരാമർശം.




