ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വൻ സംഘങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി പണം തട്ടുന്ന റാക്കറ്റുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.
ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പരസ്യ പോസ്റ്റുകളിലും മത്സര തീയതിയും വേദിയും പ്രവേശന നിരക്കുകളും കൃത്യമായി നൽകിയാണ് ഇവർ കായികപ്രേമികളെ ആകർഷിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ നേരിട്ട് പ്രത്യേക വാട്സാപ് നമ്പറുകളിലേക്ക് എത്തിക്കുകയാണ് ആദ്യ പടി. തുടർന്ന് ഉപഭോക്താക്കളുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകും.



