സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ ചിത്രം എഐയിൽ മോർഫ് ചെയ്ത് മോദിക്കൊപ്പമാക്കി; അശ്ലീല മുദ്രാവാക്യങ്ങൾ വിളിച്ചു; യുവതിയുടെ

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ യുവതിയുടെ ചിത്രം എഐയും ഫെയ്സ് സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മോർഫ് ചെയ്ത് അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. സംഭവത്തിൽ തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇവരെ നിലവിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

തന്റെ യഥാർഥ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം ചേർത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായി നിർമിച്ചെന്നാണ് യുവതിയുടെ പരാതി. ഈ ചിത്രം പ്രതിഷേധവേദിയിലെ ബാനറുകളിലും പോസ്റ്ററുകളിലും പ്രദർശിപ്പിച്ചതായും ഇതിന്റെ പേരിൽ സമരക്കാർ അശ്ലീല മുദ്രാവാക്യങ്ങൾ വിളിച്ചതായും പരാതിയിൽ പറയുന്നു.

ഇതിനു പുറമെ, യുവതിയുടെ ചിത്രം ഉൾപ്പെടുത്തിയ വ്യാജ ദൃശ്യങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

സിജെപി സ്ഥാപകരായ അഭിജിത് ദിപ്‌കെ, സൗരവ് ദാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരുടെ പേരുകൾ എഫ്ഐആറിൽ പ്രതികളായി രേഖപ്പെടുത്തിയിട്ടില്ല.

തനിക്ക് സിജെപിയുമായോ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായോ യാതൊരു ബന്ധവുമില്ലെന്നും യുവതി വ്യക്തമാക്കുന്നു. സ്വകാര്യ ചിത്രം തന്റെ അനുമതിയില്ലാതെ എഐ ടൂളുകൾ ഉപയോഗിച്ച് മാറ്റിമറിച്ച് സമൂഹമധ്യേ അപമാനിക്കാനും അന്തസ് കെടുത്താനും മനഃപൂർവം ശ്രമിച്ചെന്നാണ് ആരോപണം.

Related Articles

Back to top button