കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. 5,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദാണ് അറസ്റ്റിലായത്. പുത്തൂർ സ്വദേശിയായ പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു വിൽപത്ര പ്രകാരം പോക്കുവരവ് ചെയ്ത് നൽകുന്നതിനാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നടത്തിയ ട്രാപ്പ് ഓപ്പറേഷനിൽ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടുകയും ചെയ്തു.




