അരവണ ക്ഷാമമുണ്ടാകില്ല… ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി…

പത്തനംതിട്ട: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം. അരവണ ഉൽപാദനത്തിലെ പ്രതിസന്ധി, സന്നിധാനത്തെ തിരക്ക്, കടകളുടെ ലേലം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായി പരിഹാരം കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നവംബർ 16നാണ് ശബരിമല നട തുറക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് എഐ ക്യാമറകൾ ഉപയോഗിച്ചുള്ള സംവിധാനം ഒരുക്കും. പൊലീസിന്റെ സഹായത്തോടെയായിരിക്കും സംവിധാനം പ്രവർത്തിക്കുക. എഐ ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ പൊലീസ് തീരുമാനിക്കും. നിലയ്ക്കലായിരിക്കും സംവിധാനത്തിന്റെ പ്രധാന ഹബ്.

നിലയ്ക്കലിൽ 6,000 പേർക്ക് സൗകര്യത്തോടെ ഇരിക്കാവുന്ന സംവിധാനമൊരുക്കും. കൺട്രോൾ റൂം സ്ഥാപിച്ച് തീർഥാടകരുടെ വരവും വാഹന പാർക്കിങ്ങും ഏകോപിപ്പിക്കും. ശബരിമലയിൽ നിലവിൽ ആറുകോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇവ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നും ഗുണനിലവാരം പരിശോധിക്കാൻ പുറത്തുനിന്നുള്ള എക്സാമിനേഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു. നിലവിൽ പ്രതിദിനം 2.6 ലക്ഷം ടിൻ അരവണയാണ് തയ്യാറാക്കുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഒരു ലക്ഷം ടിൻ അധികമായി നിർമിച്ച് പ്രതിദിന ഉൽപാദനം 3.6 ലക്ഷം ടിന്നാക്കും. ഒക്ടോബർ 31 മുതൽ പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും. ശബരിമല നട തുറക്കുന്ന സമയത്ത് ആവശ്യമായ അരവണ സ്റ്റോക്ക് ഉണ്ടായിരിക്കുമെന്നും തുലാമാസ പൂജകൾക്കിടയിൽ അരവണ ക്ഷാമമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. ശർക്കരയുടെ ദൗർലഭ്യത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ആവശ്യത്തിനുള്ള ശർക്കര സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശർക്കരയ്ക്കായി മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടുണ്ട്. വിതരണക്കാരുടെ പ്രാപ്തി പരിശോധിച്ച ശേഷമായിരിക്കും കരാർ നൽകുക. വിലപേശൽ നടപടികളും നടത്തുമെന്നും ജയകുമാർ അറിയിച്ചു.

അതേസമയം, ശബരിമല സന്നിധാനത്തെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മിഷൻ ദേവസ്വം ബോർഡിനെ അറിയിച്ചു. സ്വർണക്കിരീടം സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. സ്വർണക്കിരീടം കാണാതായെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള വൈദ്യനാഥ സ്വാമിയാണ് കിരീടം ശബരിമലയിൽ സമർപ്പിച്ചതെന്നും സമർപ്പിച്ച ഭക്തൻ തന്നെ കിരീടത്തിന് ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button