തിരുവനന്തപുരം മൃഗശാല വിവാദം: ‘വന്താര’ സന്ദര്‍ശിച്ച് കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ഗുജറാത്തിലെ വന്താര വൈല്‍ഡ് ലൈഫ് റെസ്ക്യു ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്റര്‍ കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മൃഗശാല നഗരത്തില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഔദ്യോഗിക സര്‍ക്കാര്‍ അനുമതിയോടെ ആറ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ജാംനഗറിലെത്തിയത്. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍. നാഗരാജും കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ കുമാറും ഉള്‍പ്പെടെയുള്ള സംഘമാണ് വന്താര സന്ദര്‍ശിച്ചത്.
വന്യജീവി സംരക്ഷണം, പുനരധിവാസം, ആധുനിക പരിചരണ രീതികള്‍ എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. മൃഗങ്ങളെ പരിപാലിക്കുന്ന രീതികളും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി നിരീക്ഷിച്ചു. ഈ മാസം 22ന് ആരംഭിച്ച സന്ദര്‍ശനം ഇന്നത്തോടെ അവസാനിക്കും. എന്നാല്‍, ഈ സന്ദര്‍ശനത്തിന് തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനുള്ള ആലോചനകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. തിരുവനന്തപുരം മൃഗശാല നഗരത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നെയ്യാറില്‍ അതിനുള്ള സൗകര്യമുണ്ടോയെന്ന് മേയര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ച് സി.പി.ഐ.എം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.




