വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്… പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഉയർന്നതോടെ പീക്ക് സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. നിർദ്ദേശം നൽകി. ഊർജ്ജം കൂടുതൽ ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങിയ കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണമെന്നാണ് പ്രധാന നിർദ്ദേശം.
സർക്കാറിന്റെ വിവിധ ഓഫീസുകളിലും വൈദ്യുതി ഉപഭോഗം കർശനമായി കുറയ്ക്കണം. ഓഫീസുകളിലെ എ.സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണം. കൂടാതെ, അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമേ നടത്താവൂ എന്നും ഉത്തരവിലുണ്ട്. അന്തരീക്ഷ താപനില കുറഞ്ഞതും മഴ പെയ്തതും വൈദ്യുതി ഉപഭോഗത്തില്‍ ചെറിയ രീതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭിച്ചതിനാല്‍ രാത്രി 9 മണിക്ക് ശേഷമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. ഇതിനിടയിൽ, ‘വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയിൽ നിന്ന് 200 മെഗാ വാട്ട് വൈദ്യുതി കൂടി ലഭ്യമായി തുടങ്ങി.
വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിലാണ് ഈ വൈദ്യുതി ലഭിക്കുക. അടുത്തമാസം 31 വരെ യൂണിറ്റിന് 11 രൂപ നിരക്കിലാണ് ഈ കരാർ ഏർപ്പെടുത്തിയിട്ടുള്ളത്. എങ്കിലും, സാഹചര്യം കണക്കിലെടുത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്നും കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകുന്നുണ്ട്.



