സ്പോൺസറുടെ പേര് മറച്ചുവച്ചതെന്തിന്? മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ കോൺഗ്രസിലും അതൃപ്തി..

മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ സ്പോൺസറെ സംബന്ധിച്ച ദുരൂഹതകൾ തുടരുന്നതിനിടെ, വിഷയം പരസ്യമായി തുറന്നുപറയാൻ തയ്യാറാകാതിരുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളച്ചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ യാത്രയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമ്പോൾ കെ ജെ ജോർജിന്റെ പേര് വെളിപ്പെടുത്താതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം നേതാക്കളുടെ അമർഷത്തിന് ഇടയാക്കിയത്. വിമാനം പറത്തുന്ന ചുമതല ചിപ്സൺ ഏവിയേഷൻ എന്ന സ്ഥാപനത്തിനായിരുന്നു. സംസ്ഥാന സർക്കാരുമായുള്ള ഹെലികോപ്റ്റർ വാടക കരാർ പുതുക്കി വാങ്ങാൻ കമ്പനി ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ സൗജന്യ യാത്ര ഒരുക്കി നൽകിയതെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്പോൺസർഷിപ്പ് എന്ന നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം സർക്കാരിനും പാർട്ടിക്ക് തന്നെയും വരുംദിവസങ്ങളിൽ കടുത്ത തിരിച്ചടിയാകുമോ എന്ന് കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.




