കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; തൊഴിലാളികളെ..

തിരുവനന്തപുരം കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ബോട്ടാണ് കത്തിയത്. ബോട്ടിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ആർക്കും പരിക്കുകളില്ല. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. സെന്റ് ആന്റണി എന്ന ബോട്ടാണ് കത്തിനശിച്ചത്.

ഇമ്മാനുവേൽ, നേപ്പാൾ സ്വദേശി ലളിത് പ്രസാദ് എന്നിവരെയയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബോട്ടിൽ തീപിടിത്തമുണ്ടായതായി കോസ്റ്റൽ പൊലീസിന് വിവരം ലഭിക്കുന്നത്. മറ്റ് മത്സ്യത്തൊഴിലാളികളാണ് കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചത്.

തുടർന്ന് കോസ്റ്റൽ പൊലീസും വാർഡർമാരും ചേർന്ന് അപകടസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. തീരത്ത് നിന്ന് ഏകദേശം എട്ട് കിലോമീറ്റർ ദൂരത്തിലാണ് ബോട്ടുണ്ടായിരുന്നത്. ബോട്ടിൽ തീ ആളിപടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എൻജിനിൽ നിന്ന് തീ പടർന്നുവെന്നാണ് തൊഴിലാളികൾ പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ബോട്ട് പൂർണമായും കത്തി നശിച്ച അവസ്ഥയിലാണ്.

Related Articles

Back to top button