പുതിയ സർക്കാരിനെതിരെ കെ.കെ.ശൈലജ; ‘ലൈഫ്’ നിർത്തിയെന്ന് ആരോപണം

സംസ്ഥാനത്ത് ‘ലൈഫ്’ ഉൾപ്പെടെ നാല് മിഷനുകൾ നടപ്പാക്കി ജനജീവിതത്തിൽ മാറ്റമുണ്ടാക്കിയിട്ടും എൽഡിഎഫിനെ ജനങ്ങൾ എന്തുകൊണ്ടാണ് പരാജയപ്പെടുത്തിയതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഒറ്റപ്പാലത്ത് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ മഹിളാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പുതിയ സർക്കാർ മുൻ ഭരണകാലത്ത് നടപ്പാക്കിയ ക്ഷേമപദ്ധതികൾ പലതും നിർത്തലാക്കിയെന്നും മുതലാളിത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അവർ ആരോപിച്ചു.
ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ യാത്രാമാർഗങ്ങൾ ഉപയോഗിച്ചതിനെ ‘സർക്കാർ ഖജനാവിന് ലാഭം’ എന്ന രീതിയിൽ ന്യായീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കെ.കെ.ശൈലജ പറഞ്ഞു. ഭരണസംവിധാനത്തിലെ ഇത്തരം നടപടികളെ ന്യായീകരിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
‘ലൈഫ്’ ഭവനപദ്ധതിയും നിർത്തിവച്ചിരിക്കുകയാണ്. പദ്ധതി വീണ്ടും ആരംഭിച്ചാലും ഗുണഭോക്തൃ വിഹിതം നൽകേണ്ടിവരുമെന്നാണ് ഇപ്പോൾ പറയുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമായിരുന്ന ക്ഷേമപദ്ധതികൾ നിലനിർത്തേണ്ടതിനു പകരം പുതിയ സർക്കാർ അവ അവസാനിപ്പിക്കുകയാണെന്നും കെ.കെ.ശൈലജ ആരോപിച്ചു.



