വൈദ്യുതി കണക്‌ഷന് ഇനി വൻചെലവ്; ഫീസ് കുത്തനെ കൂട്ടി

പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കാൻ ഇനി കൂടുതൽ പണം നൽകണം. പുതിയ കണക്‌ഷനുകളുടെ ഫീസ് കുത്തനെ ഉയർത്തി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ചില വിഭാഗങ്ങളിൽ ഫീസ് മൂന്നിരട്ടിയോളം വർധിക്കും. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിരക്ക് ഘടനയിൽ പോസ്റ്റ്, അധിക വയർ, ട്രാൻസ്‌ഫോർമർ തുടങ്ങിയവ ആവശ്യമായ കണക്‌ഷനുകൾക്കും അവ ആവശ്യമില്ലാത്ത കണക്‌ഷനുകൾക്കും 200 മീറ്റർ പരിധിക്കുള്ളിൽ ഒരേ നിരക്കായിരിക്കും. നേരത്തെ ഇരു വിഭാഗങ്ങൾക്കും വ്യത്യസ്ത നിരക്കുകളായിരുന്നു.
കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ കണക്‌ഷൻ ഫീസ് അടയ്ക്കാനും സാധിക്കും. നിലവിൽ കെ.എസ്.ഇ.ബി. ആവശ്യമായ ചെലവ് കണക്കാക്കിയ ശേഷമാണ് പല കേസുകളിലും ഫീസ് ഈടാക്കിയിരുന്നത്.



