വടകര എംഡിഎംഎ കേസ്… മൂന്നാം പ്രതിയായ അധ്യാപികയ്ക്ക് ജാമ്യം

കൊച്ചി: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതിയായ അധ്യാപിക കെ. കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജുഡീഷ്യൽ കസ്റ്റഡി ഇനിയും ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര സ്വദേശി സഫാൻ രണ്ട് ഗ്രാം എംഡിഎംഎയുമായി ഡാൻസാഫിന്റെ പിടിയിലായതോടെയാണ് കേസിലെ അന്വേഷണം സാമ്പത്തിക ഇടനിലക്കാരിയായ അധ്യാപിക കീർത്തനയിലേക്കും തുടർന്ന് മറ്റ് അധ്യാപികമാരിലേക്കും നീണ്ടത്.
പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബു (22) ആണ് കേസിലെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതികളായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിലിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിജിൽ കുര്യാക്കോസ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



