വോട്ടർപട്ടികയിൽ വൻ വെട്ട്; 639 ബൂത്തുകളിൽ പകുതിയിലേറെ വോട്ടർമാർ..

ഡൽഹിയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രത്യേക തീവ്ര പരിശോധന (എസ്.ഐ.ആർ) നടപടിയിൽ വൻതോതിൽ വോട്ടർമാരെ ഒഴിവാക്കിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖ പ്രകാരം ഒരു പോളിങ് ബൂത്തിൽ രണ്ടു ശതമാനത്തിൽ കൂടുതൽ വോട്ടർമാരെ ഒഴിവാക്കാൻ പാടില്ലെന്ന നിർദേശം നിലനിൽക്കെയാണ് പല ബൂത്തുകളിലും ഇതിന്റെ പരിധി മറികടന്നതായുള്ള കണ്ടെത്തൽ.
70 നിയമസഭാ മണ്ഡലങ്ങളിലായി 14,971 പോളിങ് ബൂത്തുകളിൽ നടത്തിയ എസ്.ഐ.ആർ നടപടികൾ പരിശോധിച്ചപ്പോൾ, രണ്ടുശതമാനത്തിൽ കൂടുതൽ വോട്ടർമാരെ ഒഴിവാക്കാതിരുന്ന ബൂത്തുകൾ വെറും 51 എണ്ണം മാത്രമാണെന്ന് ‘റിപ്പോർട്ടേഴ്സ് കളക്ടീവ്’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വോട്ടർപട്ടികയിൽനിന്ന് പകുതിയിലധികം രജിസ്റ്റേർഡ് വോട്ടർമാരെ ഒഴിവാക്കിയ 639 ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. 70 ശതമാനത്തിലധികം വോട്ടർമാരെ ഒഴിവാക്കിയ 29 ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്.
ഇവയിൽ ഒൻപത് ബൂത്തുകൾ ചേരിപ്രദേശങ്ങളിലാണ്. ഈ ഒൻപത് ബൂത്തുകളിലായി രജിസ്റ്റർ ചെയ്തിരുന്ന വോട്ടർമാരിൽ 87.87 ശതമാനം പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ട്.



