നദിക്കരയിൽ ചൂണ്ടയിട്ടു… മണിക്കൂറുകൾക്ക് പിന്നാലെ യുവാവിന്റെ…

തിരുവനന്തപുരം: വാമനപുരം നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. ചിറയിൻകീഴ് വലിയകട തോപ്പിൽ പാലത്തിന് സമീപം ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുധീഷ്. ഇന്നലെ രാവിലെ ബന്ധുവീടിന് സമീപമുള്ള വാമനപുരം നദിയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുതൽ സുധീഷിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്നുള്ള നദിക്കരയിൽ ചൂണ്ടയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മൂന്ന് മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഇന്നലെ കോട്ടയത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. ചിറയിൻകീഴ് പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.



