16കാരിക്ക് നൽകിയത് 86കാരിയുടെ എക്സ്റേ… ബാലാവകാശ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബാലാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. കൂടൽ സ്വദേശിനിയായ 16കാരിക്ക് എക്സ്റേ ഫിലിം മാറി നൽകിയെന്നാണ് പരാതി. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ പെൺകുട്ടിക്കാണ് മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം നൽകിയത്.
എക്സ്റേ എടുക്കാൻ പോയപ്പോൾ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു എന്നാണ് പരാതി. ഇത് ശ്രദ്ധയിൽപ്പെടാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കോന്നി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്, കോന്നി എസ്.എച്ച്.ഒ എന്നിവരോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.



