LDF സർക്കാരിന് വീഴ്ചയുണ്ടായി ബിനോയ് വിശ്വം…

ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ എൽ.ഡി.എഫ്. സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) 21-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കം ഇണ്ടത്തുരുത്തിമനയിലെ സമ്മേളനഹാളിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നു. നമ്മുടെ ആളുകൾത്തന്നെ നമുക്ക് വോട്ട് ചെയ്തില്ല. തോൽവിയേക്കുറിച്ച് നാം പഠിക്കുമ്പോൾ ഈ ചോദ്യം നാം ചോദിക്കണം. പാർട്ടി ബന്ധുക്കളെ, നമ്മുടെ എല്ലാം എല്ലാമായവരെ നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ, കേട്ടോ, പഠിച്ചോ? ഏറ്റവുംചെറിയ ആവശ്യംപോലും നാം അവർക്കുവേണ്ടി ചെയ്തുകൊടുത്തോ എന്ന് ചിന്തിക്കണം, ബിനോയ് വിശ്വം പറഞ്ഞു.



