വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ 52കാരന്റെ മൃതദേഹം

തൃശൂർ: കിള്ളിമംഗലം സ്വദേശിയെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ബാബുവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു. കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലിസ്ഥലത്ത് നിന്ന് ബാബുവിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ പരിശോധനകൾക്കും അന്വേഷണ നടപടികൾക്കും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.



