അനധികൃത സ്വത്ത് സമ്പാദനം… മുൻ ഡിജിപി ഇനി 475-ാം നമ്പർ തടവുകാരൻ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഇനി പൂജപ്പുര സെൻട്രൽ ജയിലിലെ 475-ാം നമ്പർ തടവുകാരൻ. കോടതി വിധിക്ക് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലാണ് നിലവിൽ തച്ചങ്കരിയെ പാർപ്പിച്ചിരിക്കുന്നത്. ഡോക്ടറുടെ പരിശോധനയിൽ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയാൽ ആശുപത്രിയിലേക്ക് മാറ്റും.
2003 മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ 135 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. നാലുവർഷം കഠിന തടവിന് പുറമെ 30,84,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാത്ത പക്ഷം രണ്ടുമാസം കൂടി കഠിന തടവ് അനുഭവിക്കണം. ആറുമാസത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് കോടതി വിധി. പ്രോസിക്യൂഷൻ 96 സാക്ഷികളെയും 271 രേഖകളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വത്ത് കുടുംബത്തിന്റേതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.
2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ കോട്ടയം വിജിലൻസ് കോടതി വിധി പറഞ്ഞത്. അതേസമയം, 2007ന് ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പരാതിക്കാരനായ ബോബി കുരുവിള ആവശ്യപ്പെട്ടു. കോടതിവിധിക്കെതിരെ അപ്പീൽ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ടോമിൻ ജെ. തച്ചങ്കരി 2023ൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിച്ചത്.



