‘ഓപ്പറേഷൻ തൂഫാൻ’… രാസലഹരി ഉപയോഗിക്കുന്നതിനിടെ മുൻ നഗരസഭ അധ്യക്ഷൻ…

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് അറസ്റ്റിൽ. ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ചുകഴിഞ്ഞിരുന്നുവെന്നാണ് വിവരം. ലഹരി ഉപയോഗിക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽനിന്ന് പൊലീസ് കണ്ടെത്തി. എന്നാൽ കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സനീഷിനെ കാളിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവസമയത്ത് സനീഷിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ കോൺഗ്രസ് അംഗമാണ് സനീഷ് ജോർജ്. നേരത്തെ സ്വതന്ത്രനായാണ് മത്സരിച്ചത്. ഇടതുപക്ഷത്തിന് പിന്തുണ നൽകിയതിനെ തുടർന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ ചെയർമാനായി. കൈക്കൂലി കേസിൽപ്പെട്ടതിനെ തുടർന്ന് പിന്നീട് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.



