16 വർഷം നാടിന് കാവലായി… പുഷ്പചക്രം അർപ്പിച്ച് വളർത്തുനായയ്ക്ക് സംസ്കാരം

കണ്ണൂർ: 16 വർഷത്തോളം നാടിന് കാവലായിരുന്ന സോണി എന്ന വളർത്തുനായയ്ക്ക് കണ്ണീരോടെ യാത്രയയപ്പ് നൽകി മട്ടന്നൂർ വെളിയമ്പ്രയിലെ പറയനാട്ടുകാർ. പുഷ്പചക്രം അർപ്പിച്ച് സംസ്കാരച്ചടങ്ങുകളോടെയാണ് നാട്ടുകാർ സോണിയെ യാത്രയാക്കിയത്. കുഞ്ഞായിരിക്കുമ്പോഴാണ് സോണി പറയനാട്ടിലെത്തിയത്. നാട്ടുകാർ സ്നേഹത്തോടെ സോണി, സോണിയ എന്നീ പേരുകൾ നൽകി. പിന്നീട് പറയനാട്ടിലെ ഓരോ വീട്ടിലും കടയിലും സോണിയുടെ സാന്നിധ്യം പതിവായി. കടവരാന്തകളിലും വീടുകളിലുമെത്തുന്ന സോണിക്ക് നാട്ടുകാർ ഭക്ഷണം നൽകുകയും ചെയ്തു.

രാത്രി വൈകുംവരെ നാടിന് കാവലായി സോണിയുണ്ടാകുമായിരുന്നു. നാട്ടുകാരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു സോണിയെന്ന് പറയനാട്ടുകാർ ഓർക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങി സോണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊലി ഉരിഞ്ഞുപോയ നിലയിലായിരുന്ന നായയ്ക്ക് നാട്ടുകാർ ചേർന്നാണ് ചികിത്സയും പരിചരണവും നൽകിയത്. രണ്ട് വർഷം മുമ്പ് വയറ്റിൽ മുഴ കണ്ടെത്തിയപ്പോഴും നാട്ടുകാർ കൈവിട്ടില്ല. എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി സോണിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. പ്രായാധിക്യത്തെ തുടർന്നാണ് സോണി കഴിഞ്ഞ ദിവസം മരിച്ചത്. വർഷങ്ങളോളം നൽകിയ സ്നേഹവും കരുതലും ഏറ്റുവാങ്ങിയ സോണിക്ക് ഒടുവിൽ മുഴുവൻ പറയനാടും ചേർന്ന് കണ്ണീരോടെ യാത്രാമൊഴി നൽകി.

Related Articles

Back to top button