റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്നും വന്‍തോതില്‍ മദ്യശേഖരം പിടികൂടി. 43 ലിറ്റര്‍ വിദേശമദ്യവും ഏഴു ലിറ്റര്‍ വൈനുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. എസ്‌ഐടിയുടെ നിര്‍ദേശപ്രകാരമാണ് കല്‍പ്പറ്റയില്‍ നിന്നുള്ള എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്.

മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്റെ രേഖകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് അപ്രതീക്ഷിതമായി മുറിയില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള വിദേശമദ്യശേഖരം എസ്‌ഐടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.

നിയമപ്രകാരം ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന വിദേശമദ്യത്തിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ഇതിലും പലമടങ്ങാണ് ആന്റോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.

കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ച് വരികയാണ്. വന്‍തോതില്‍ വിദേശമദ്യം പിടികൂടി സംഭവത്തില്‍ അബ്കാരി നിയമപ്രകാരമുള്ള കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന. വിദേശമദ്യം എവിടെ നിന്നും കൊണ്ടുവന്നു, എന്തിന് ഇത്രയേറെ വീട്ടില്‍ സൂക്ഷിച്ചു തുടങ്ങിയ കാര്യങ്ങളില്‍ എക്‌സൈസ് അന്വേഷണം നടത്തി വരികയാണ്.

Related Articles

Back to top button