മെസ്സി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ഓഫീസിലെ പരിശോധന സർക്കാർ നയമല്ല… പൊലീസ് നടപടിയെന്ന്…

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പരിശോധന സർക്കാർ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും കായിക വകുപ്പിന്റെ റിപ്പോർട്ടിലും ഗുരുതര കണ്ടെത്തലുകൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടർ ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ലെന്നും, പരിശോധന സംബന്ധിച്ച വാർത്ത പോലും അതേ ചാനലിലൂടെയാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമസ്ഥാപനത്തിനെതിരായ അന്വേഷണത്തെ പ്രതിപക്ഷനേതാവ് വിമർശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുൻ സർക്കാരിന്റെ കാലത്തും നിരവധി മാധ്യമ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെന്നും മാധ്യമപ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ പൂർണമായും നിയമപരമായാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടർ ചാനലിന്റെ കൊച്ചി കളമശ്ശേരി ഓഫീസിൽ പരിശോധന ആരംഭിച്ചത്. മണിക്കൂറുകളോളം പരിശോധന നീണ്ടു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.



