വിവാദങ്ങൾക്കിടെ പ്രതികരണവുമായി പാക് താരം മുഹമ്മദ് റിസ്വാൻ…

ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ അച്ചടക്ക ലംഘനങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നടത്തുന്ന അന്വേഷണത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ. അന്വേഷണത്തോട് താൻ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും നടപടികൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണെന്നും റിസ്വാൻ ഒരു പാകിസ്ഥാൻ വാർത്താ ചാനലിനോട് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ റിസ്വാനെയും ഓപ്പണർ ഇമാം ഉൽ ഹഖിനെയും പരമ്പരയുടെ പകുതിയിൽ വെച്ച് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. തുടർന്നാണ് ഇരു താരങ്ങളും സൈബർ ക്രൈം ഏജൻസിയുടെ അന്വേഷണ നിഴലിലായത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും രാജ്യത്തെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. അന്വേഷണ ഏജൻസിയുമായി ഞാൻ പൂർണ്ണമായി സഹകരിക്കുന്നുണ്ട്. ഈ അന്വേഷണം എത്രയും വേഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- റിസ്വാൻ വ്യക്തമാക്കി.



