കായംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് 10 വയസുകാരിക്ക്… ഡ്രൈവർക്കെതിരെ…

ആലപ്പുഴ: കായംകുളം കെപി റോഡിൽ സ്വകാര്യ ബസ് ഇടിച്ച് പത്ത് വയസുകാരി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന് കാരണം ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. ചെട്ടികുളങ്ങര സ്വദേശിനി ശ്രീഭദ്രയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കാദിശ പള്ളിക്ക് സമീപമായിരുന്നു അപകടം.
അച്ഛൻ ശ്രീകാന്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്നാലെയെത്തിയ ഹരിശ്രീ ബസ് ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശ്രീഭദ്രയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി രക്തം വാർന്നാണ് മരിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. ഏതാനും ദിവസം മുൻപ് ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസ് ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥിയും മരിച്ചിരുന്നു. ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു.



