കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികളുടെ മുറിയിൽ കയറി ആക്രമണം…

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ കയറി നാലംഗ സംഘത്തിന്റെ ആക്രമണം. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും കവരാൻ ശ്രമിച്ചെന്നാണ് അതിഥി തൊഴിലാളികളുടെ പരാതി. അക്രമത്തിനിടെ അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് സംഘത്തിലെ രണ്ടുപേരെ പിടികൂടി കെട്ടിയിട്ടു. കുറ്റിക്കാട്ടൂർ സ്വദേശി ആദർശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരാണ് പിടിയിലായത്. മുറികളിൽ അതിക്രമിച്ച് കയറിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനിടെ സംഘത്തിലെ മറ്റ് രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.



