ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യു.പി.ഐ പേയ്‌മെന്റ് നടത്താം

ഫോണിൽ മൊബൈൽ ഡാറ്റയില്ലെന്ന കാരണത്താൽ ഇനി യു.പി.ഐ പേയ്‌മെന്റ് മുടങ്ങേണ്ടി വരില്ല. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സാഹചര്യത്തിലും എളുപ്പത്തിൽ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ‘യു.പി.ഐ ടാപ്പ് ആൻഡ് പേ’ (UPI Tap and Pay), എ.ഐ അധിഷ്ഠിത ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമായ ‘മൈ യു.പി.ഐ'(MyUPI) എന്നിവ പ്രഖ്യാപിച്ച് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര.

ഇന്റർനെറ്റ് വേണ്ട, ഫോൺ ടാപ്പ് ചെയ്താൽ മതി

കോൺടാക്ട്‌ലെസ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിലാണ് യു.പി.ഐ ടാപ്പ് ആൻഡ് പേ പ്രവർത്തിക്കുക. എൻ.എഫ്.സി സൗകര്യമുള്ള സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്ത് എൻ.എഫ്.സി പിന്തുണയുള്ള പി.ഒ.എസ് മെഷീനിൽ ടാപ്പ് ചെയ്താൽ പേയ്‌മെന്റ് നടത്താം. പ്രത്യേകത എന്തെന്നാൽ, ഇടപാട് നടത്തുമ്പോൾ ഉപയോക്താവിന്റെ ഫോണിൽ മൊബൈൽ ഡാറ്റ ആവശ്യമായി വരില്ല. പി.ഒ.എസ് മെഷീന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇടപാട് പൂർത്തിയാക്കുന്നത്.

5,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾക്ക് യു.പി.ഐ പിൻ നൽകേണ്ടതില്ല. എന്നാൽ 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പിൻ നൽകേണ്ടിവരും. റുപേ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെ യു.പി.ഐയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടുകൾ വഴിയും പുതിയ സേവനം ഉപയോഗിക്കാനാകും.

യു.പി.ഐ അക്കൗണ്ടിന് സംരക്ഷണം; എ.ഐ സഹായവുമായി ‘മൈ യു.പി.ഐ’

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച എ.ഐ അധിഷ്ഠിത ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമാണ് ‘മൈ യു.പി.ഐ’. എൻ.പി.സി.ഐയുടെ എഫ്.ഐ.എം.ഐ (FiMI) സ്മോൾ ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

യു.പി.ഐ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയം തോന്നുന്ന സാഹചര്യങ്ങളിൽ ഉപയോക്താവിന് വേഗത്തിൽ ഇടപെടാൻ സഹായിക്കുന്നതാണ് മൈ യു.പി.ഐയുടെ പ്രധാന സവിശേഷത. സ്വന്തം മൊബൈൽ നമ്പർ വഴി യു.പി.ഐ പേയ്‌മെന്റുകൾ ലഭിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പണം നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും.

ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കുന്ന ഈ മാറ്റങ്ങൾ ആർ.ബി.ഐ അവതരിപ്പിക്കുന്നത്. ഇന്റർനെറ്റ് ലഭ്യതയെ ആശ്രയിക്കാതെ പേയ്‌മെന്റ് നടത്താനുള്ള സൗകര്യവും എ.ഐ അധിഷ്ഠിത സഹായ സംവിധാനവും വ്യാപകമാകുന്നതോടെ സാധാരണ ഉപയോക്താക്കൾക്ക് യു.പി.ഐ ഇടപാടുകൾ കൂടുതൽ ലളിതമാകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button