ക്ഷേത്ര പരിസരത്ത് നിന്ന ആലിന്റെ ശിഖരം ഒടിഞ്ഞുവീണു; ആൽത്തറയിലുണ്ടായിരുന്നവർ..സംഭവം ഹരിപ്പാട്

ഹരിപ്പാട്: ഹരിപ്പാട് ആലിന്റെ ശിഖരം ഒടിഞ്ഞുവീണു. ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശത്ത് നിന്ന മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞത്. ആൽത്തറയിലിരുന്നിരുന്ന മൂന്നുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചില ഒടിയുന്നതിന്റെ ശബ്ദം കേട്ട് മൂവരും ഓടി മാറുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ആൽത്തറയിലിരുന്ന ചേപ്പാട് കാവട വീട്ടിൽ മാത്യു ഫിലിപ്പിന് (ബിജോയ്-48) ചെറിയ പരിക്കേറ്റു. മരം വീഴുന്നതുകണ്ട് ഓടിമാറുന്നതിനിടെ വീണാണ് ഇയാൾക്ക് പരിക്കേറ്റത്. റോഡിന് കുറുകെ മരച്ചില്ല വീണതിനെ തുടർന്ന് വൈദ്യുതിത്തൂൺ ഒടിഞ്ഞതിനാൽ പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. 11 കെവി ലൈനിനും തെരുവുവിളക്കിനും കേടുപാടുണ്ടായി. ഗതാഗതവും തടസ്സപ്പെട്ടു.

ഹരിപ്പാടുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കുറുകെ വീണ ശിഖരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടഭീഷണി ഉയർത്തിനിന്ന മരത്തിന്റെ മറ്റ് ഉണങ്ങിയ ചില്ലകളും സംഘം മുറിച്ചുനീക്കി. തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.

രണ്ടാഴ്ച മുൻപ് തിരുവനന്തപുരം സെക്രട്ടേറിയറ്റ് കൻറോൺമെൻറ് ഗേറ്റിന് സമീപം നിന്ന വലിയ മരം ഒടിഞ്ഞുവീണിരുന്നു. ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും ജീവനക്കാരും കടന്നുപോകുന്ന വഴിയിലാണ് മരം ഒടിഞ്ഞുവീണത്.

Related Articles

Back to top button